Saturday, November 27, 2010

കരുമാടിക്കുട്ടന്റെ അടുത്തേക്ക് ഒരു യാത്ര...


ഈ യാത്ര കരുമാടിക്കുട്ടന്‍റെ അടുത്തേക്ക്...


കുറെ നാളായുള്ള ആഗ്രഹമായിരുന്നു കരുമാടികുട്ടനെ കാണണം എന്നുള്ളത്, ആലപ്പുഴയിലെ ഒരു പ്രധാന ചരിത്ര സ്മാരകം ആയിട്ടുകൂടി ഞാന്‍ ഇതുവരെ അവിടേക്ക് പോയിരുന്നില്ല.


പ്രാചീന കേരളത്തിലെ ബുദ്ധമത സ്വാധീനത്തിന്‍റെ ഒരു പ്രധാന തെളിവാണ് കരുമാടിക്കുട്ടന്‍റെ വിഗ്രഹം...


ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴക്കും തകഴിക്കും മദ്ധ്യേയുള്ള പച്ചപുതച്ച ഒരു മനോഹര ഗ്രാമം ആണ് കരുമാടി. അമ്പലപ്പുഴ-തകഴി റോഡില്‍ അമ്പലപ്പുഴയില്‍ നിന്നും 3 കിലോമീറ്റര്‍ കിഴക്കോട്ട് സഞ്ചരിച്ചാല്‍ കരുമാടി എത്തിച്ചേരും. ആ യാത്രയില്‍ റോഡിന്‍റെ വലതു വശത്തായ് അടുത്തടുത്തായുള്ള രണ്‍ട് ക്ഷേത്രങ്ങള്‍ കാണാം കാമപുരത്ത് ശ്രീ ശങ്കരനാരായണമൂര്‍ത്തി ക്ഷേത്രവും കാവില്‍ ശ്രീ ഭഗവതി ക്ഷേത്രവും. ഈ രണ്‍ടു ക്ഷേത്രത്തിനും മദ്ധ്യേയുള്ള ചെറിയ വഴിയില്‍ ഏകദേശം 100 മീറ്റര്‍ ഉള്ളിലേക്ക് മാറിയാണ് കരുമാടിക്കുട്ടന്‍റെ വിഗ്രഹം സംരക്ഷിച്ചിരിക്കുന്നത്.


കരിങ്കല്ലില്‍ നിര്‍മ്മിച്ചിരിക്കുന്ന, പത്മാസനത്തില്‍ ധ്യാനനിരതനായ് ഇരിക്കുന്ന ശ്രീ ബുദ്ധ വിഗ്രഹമാണ് കരുമാടിക്കുട്ടന്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. ഇടതുവശം നഷ്ടപ്പെട്ട നിലയിലാണ് ഈ വിഗ്രഹം ഇപ്പോള്‍ കാണപ്പെടുന്നത്. ബ്രാഹ്മണാധിപത്യക്കാലത്ത് വിഗ്രഹങ്ങള്‍ നശിപ്പിച്ച കൂട്ടത്തില്‍ സംഭവിച്ചതായിരിക്കാം എന്ന് കരുതപ്പെടുന്നു. ഇത് ആന കുത്തിക്കളഞ്ഞതാണെന്നാണ് ഐതീഹ്യം.


കരുമാടിത്തോട്ടില്‍ നിന്നും ലഭിച്ച വിഗ്രഹം ആദ്യം കണ്‍ടെത്തി സംരക്ഷിച്ചത് സര്‍ റോബര്‍ട്ട് ബ്രിസ്റ്റോ ആണ്. ഇപ്പോള്‍ ഇത് പുരാവസ്തു വകുപ്പിന്‍റെ സംരക്ഷണത്തിലാണ്.


ശ്രീ ബുദ്ധന്‍ എങ്ങനെ കരുമാടിക്കുട്ടനായി എന്നൊരു സംശയം ന്യായമായും ഉണ്‍ടാകാം. കരുമാടി എന്നത് ഗ്രാമത്തിന്‍റെ പേരാണ്. കുട്ടന്‍ എന്നത് ചേരന്‍മാരുമായി ബന്ധപ്പെട്ടുകിടക്കുന്നു. . ആദി ചേര സാമ്രാജ്യത്തിന്‍റെ തലസ്ഥാനം കുട്ടനാട് ആയിരുന്നു. ചേര രാജാക്കന്‍മാര്‍ കുടവന്‍, കുട്ടവന്‍, കുട്ടന്‍ എന്നൊക്കെ അറിയപ്പെട്ടിരുന്നു. ബുദ്ധമതാനുയായികളായിരുന്ന ചേരന്‍മാരില്‍ നിന്നാണ് ബുദ്ധ വിഗ്രഹത്തിന് കുട്ടന്‍ എന്ന പേര് കിട്ടിയത് എന്ന് കരുതപ്പെടുന്നു.


ഇനി കുറച്ച് ചരിത്രം പറയാം. ആലപ്പുഴയും ബുദ്ധമതവുമായുള്ള ബന്ധത്തെക്കുറിച്ച്...


പ്രാചീന കേരളത്തിലെ ഒരു പ്രധാന ബുദ്ധമത കേന്ദ്രം ആയിരുന്നു ആലപ്പുഴ. ഏറ്റവും കൂടുതല്‍ ബുദ്ധ വിഗ്രഹങ്ങള്‍ ലഭിച്ചിട്ടുള്ളത് ആലപ്പുഴ ജില്ലയില്‍നിന്നാണ്. മാവേലിക്കരയിലുള്ള ശ്രീ ബുദ്ധന്‍റെ വിഗ്രഹം മുന്പ് ഒരിക്കല്‍ കണ്‍ടിട്ടുള്ളത് ഈ അവസരത്തില്‍ ഓര്‍ക്കുന്നു. മാവേലിക്കരക്ക് അടുത്തുള്ള ഭരണിക്കാവ് നിന്നും ബുദ്ധ വിഗ്രഹങ്ങള്‍ ലഭിച്ചിട്ടുണ്‍ട്. ക്രിസ്തുവിന് മുന്പ് മുതല്‍ ബുദ്ധ ആരാധന കേരളത്തില്‍ ഉണ്‍ടായിരുന്നുവെങ്കിലും വിഗ്രഹാരാധന തുടങ്ങിയത് 6ം നൂറ്റാണ്‍ടിന് ശേഷമാണ്, അതിനാല്‍ കേരളത്തില്‍ നിന്നും ലഭിച്ച എല്ലാ ബുദ്ധ വിഗ്രഹങ്ങളും ഏഴാം നൂറ്റാണ്‍ടിനും പന്ത്രണ്‍ടാം നൂറ്റാണ്‍ടിനും മദ്ധ്യേ നിര്‍മ്മിച്ചതാവാം എന്ന് കരുതുന്നു. കേരളത്തിലെ പ്രധാന ബുദ്ധമത കേന്ദമായിരുന്ന ശ്രീമൂലവാസം ആലപ്പുഴക്കും അമ്പലപ്പുഴക്കും മദ്ധ്യെ കുട്ടനാട്ടില്‍ ആയിരുന്നു എന്ന് കരുതപ്പെടുന്നു. ഹൈന്ദവ ആരാധനാ മൂര്‍ത്തി ആയ ശാസ്താവ് ബുദ്ധ മത സ്വാധീനത്തിലുള്ള മൂര്‍ത്തി ആണെന്നാണ് ചരിത്രകാരന്‍മാര്‍ പറയുന്നത്, കരുമാടിക്ക് അടുത്തുള്ള തകഴി ഒരു പ്രധാന ശാസ്താ ക്ഷേത്രം ആണ്. തകഴിക്കും ശബരിമലക്കും ഇടയില്‍ ശാസ്താ ക്ഷേത്രങ്ങളുടെ ഒരു നീണ്‍ട നിര തന്നെയുണ്‍ട്. ക്ഷേത്രവും വിഗ്രഹവുമില്ലാത്ത പരബ്രഹ്മ മൂര്‍ത്തി ആരാധനയും (ഓച്ചിറ,പടനിലം) ബുദ്ധമത സ്വാധീനത്തില്‍ ഉള്ളതാണ്. ക്രിസ്തുവിനു മുന്‍പ് മുതല്‍ 12-ം നൂറ്റാണ്‍ടുവരെ ബുദ്ധമതം കേരളത്തില്‍ നിലനിന്നിരുന്നു. ആലപ്പുഴയിലെ ദ്രാവിഡ ക്ഷേത്രങ്ങളില്‍ ബുദ്ധമത സ്വാധീനം വ്യക്തമായി ദര്‍ശിക്കാന്‍ ആവുന്നത് ഇതുകൊണ്‍ടാണ്. കെട്ടുകാഴ്ച്ച, അന്നം, ആനമേല്‍ എഴുന്നള്ളിപ്പ്, പൂരം എന്നിവ ഇതിന് ഉദാഹരണങ്ങളാണ്.


(photo taken with canon 500d)

2 comments:

  1. വളരെ നല്ല ഒരു വിവരണം ..ഭാവുകങ്ങള്‍ ....ഇനിയും എഴുതി മുന്നേറൂ............

    ReplyDelete
  2. നോക്കി..
    ഇങ്ങളെ ബ്ലോഗിന്റെ കോലമോന്നു മാറ്റണം ട്ടോ
    വായിക്കാന്‍ ബല്യ ബുദ്ധിമുട്ടുണ്ട്..
    ഉസ്സാറു പോസ്ടാനു..

    ReplyDelete