Thursday, January 13, 2011

യാത്ര പൊന്‍മുടിയിലേക്ക്...

09-01-2011


യാത്ര പൊന്‍മുടിയിലേക്ക്...
ഒരു മീറ്റിങ്ങിനു പോകാന്‍ ഇരുന്നതായിരുന്നു ഞാനും തിരുവനന്തപുരംകാരനായ എന്‍റെ സുഹൃത്തും. പക്ഷെ അപ്രതീക്ഷിതമായി മീറ്റിംഗ് മാറ്റിവെച്ചു. അപ്പോഴാണ്‌ മഴ കാരണം മാറ്റിവെച്ച ഒരു പൊന്‍മുടി ട്രിപ്പിന്റെ കാര്യം ഓര്‍മ്മ വന്നത്. മഴയൊക്കെ മാറിയല്ലോ, അപ്പൊ യാത്ര പൊന്‍മുടിയിലേക്കാകാം എന്ന് തീരുമാനിച്ചു.
എറണാകുളത്തു നിന്നും രാത്രി തിരിച്ച ഞങ്ങള്‍ പുലര്‍ച്ചെ നാലുമണിക്ക് മുന്‍പ് തിരുവന്തപുരം എത്തി. പല തവണ തിരുവനന്തപുരം പോയിട്ടുണ്ടെങ്കിലും ഞാന്‍ ഇതുവരെ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ പോയിട്ടില്ലായിരുന്നു. അതുകൊണ്ട് ആദ്യം ക്ഷേത്രക്കുളത്തില്‍ കുളിച്ചു പത്മനാഭസ്വാമിയെ തൊഴുതിറങ്ങി.  മകരവിളക്ക് അടുത്തതിനാല്‍ ക്ഷേത്രത്തില്‍ തമിഴ്നാട്ടില്‍ നിന്നുള്ള സ്വാമിമാരുടെ തിരക്ക്. മനോഹരമായ കൊത്തുപണികളൊക്കെയുള്ള ചുറ്റമ്പലമൊക്കെ കണ്ട് ക്ഷേത്രത്തിന് വലംവെച്ച് പുറത്തെത്തിയപ്പോള്‍ മണി 6 കഴിഞ്ഞിരുന്നു.


തിരുവനന്തപുരത്തുനിന്നും നേരെ ബാലരാമപുരത്തേക്കാണ് പോയത്, വയലുകളും വാഴത്തോട്ടങ്ങളുമൊക്കെയുള്ള ഒരു ചെറിയ ഗ്രാമം. അവിടെയാണ് കൂടെയുള്ള സുഹൃത്തിന്‍റെ വീട്. അവിടെച്ചെന്ന് ഭക്ഷണമൊക്കെ കഴിച്ച് കുറച്ച് നേരം വിശ്രമിച്ചു. 10 മണി കഴിഞ്ഞപ്പോള്‍ അവിടുന്ന് പൊന്‍മുടി കാണാന്‍ ഇറങ്ങി. ബാലരാമപുരത്തുനിന്നും 70 കിലോമീറ്ററില്‍ അധികം ഉണ്ട്. ബൈക്കിലാണ് യാത്ര.


12 മണി കഴിഞ്ഞപ്പോള്‍ പൊന്‍മുടിയുടെ തുടക്കത്തില്‍ എത്തി. കല്ലാറിന്‍റെ അധികം വെള്ളമില്ലാത്ത തുറസ്സായ സ്ഥലത്ത് ഞങ്ങള്‍ ഇറങ്ങിച്ചെന്നു. അവിടെ ഒരു പാറക്കുമുകളില്‍ കുപ്പിയും ഗ്ലാസുമൊക്കെ നിരത്തി ഒന്നു "മിനുങ്ങാനുള്ള" തയ്യാറെടുപ്പില്‍ രണ്ടുപേര്‍. അവിടെ ഊഞ്ഞാല്‍ പോലെ മുകളില്‍നിന്നും തൂങ്ങിക്കിടക്കുന്ന ഒരു കാട്ടുവള്ളിയില്‍ വലിഞ്ഞുകയറി കുറച്ച് അഭ്യാസങ്ങള്‍. പിന്നെ അവിടുന്ന് മുകളിലേക്ക്. ആകെ 22 ഹെയര്‍ പിന്‍ വളവുകള്‍. അതില്‍ ആദ്യത്തേത് എത്തി എന്നറിയിക്കുന്ന ബോര്‍ഡ്. പറയത്തക്ക തണുപ്പൊന്നും ഇല്ലായിരുന്നു.
കല്ലാര്‍ 

വള്ളിയില്‍ വലിഞ്ഞു കയറാനുള്ള ശ്രമത്തില്‍ 
വഴിയരികില്‍നിന്നൊരു കാഴ്ച്ച 
മുകളില്‍ ചെന്നപ്പോള്‍ നാലുവശവും പച്ചപുതച്ച മൊട്ടക്കുന്നുകള്‍. ഞങ്ങള്‍ ചെല്ലുമ്പോള്‍ നല്ല തെളിഞ്ഞ ആകാശം. പക്ഷെ ഇവിടെ ഈ തെളിഞ്ഞ ആകാശം മഞ്ഞുവന്നു മൂടുന്നത് നിമിഷങ്ങള്‍ക്കുള്ളിലായിരിക്കും. ഒരുപക്ഷെ അധികം ദൂരത്തല്ലാതെ നില്‍ക്കുന്നവരെ കാണാന്‍ പോലും കഴിയാത്ത വിധം മഞ്ഞുവന്നു മൂടി എന്നും വരാം. രണ്ടുമൂന്നു മൊട്ടക്കുന്നുകള്‍ക്കു മുകളില്‍ നടന്നുകയറി. പിന്നെ കുറച്ചുനേരം കാറ്റും കൊണ്ടിരുന്നു. എന്നിട്ട് തിരിച്ച് താഴേക്ക്.
പൊന്‍മുടി 
പൊന്‍മുടി
തിരിച്ചിറങ്ങുന്നവഴി കല്ലാറിന്‍റെ മറ്റൊരു ഭാഗത്ത് ഇറങ്ങി. താഴേക്കിറങ്ങാന്‍ പടവുകളൊക്കെ ഉള്ള ഒരു ഭാഗം. പാറയില്‍ നല്ല വഴുക്കല്‍ ഉണ്ടായിരുന്നു. ഞാനൊന്ന് കാല്‍തെന്നിവീണു. പ്രശ്നം ഒന്നും ഉണ്ടായില്ല. വീണത് വെള്ളത്തില്‍ അല്ലാതിരുന്നത് ഭാഗ്യം, അല്ലേല്‍ നനഞ്ഞ് ബാക്കി യാത്ര കുളമായേനെ. മഴസമയത്ത് കല്ലാര്‍ കൂടുതല്‍ അപകടകാരിയാണ്, പെട്ടെന്നായിരിക്കും ജലനിരപ്പുയരുന്നത്. മലമുകളില്‍ മഴപെയ്യുന്നത് താഴെ അറിയില്ല. അങ്ങനെ പല അപകടങ്ങളും ഉണ്ടായിട്ടുണ്ട്.


തിരിച്ച് നേരെ തിരുവനന്തപുരത്തിന്, അഞ്ച് മണിക്കുമുന്‍പ് എത്തി. സമയം ഇനിയും ബാക്കി. അതുകൊണ്ട് അവിടുന്ന് നേരെ കോവളം ബീച്ചിലേക്ക്, അവിടെയും ആദ്യമായിട്ടാണ്. നാട്ടുകാരും വിദേശികളുമായി ബീച്ചില്‍ നല്ലതിരക്കുണ്ടായിരുന്നു. ഷൂസ് ഊരാന്‍ മടിയായതുകൊണ്ട്‌ ഞങ്ങള്‍ കടലിലേക്ക്‌ ഇറങ്ങിയില്ല. ആറുമണിവരെ ബീച്ചില്‍ ചുറ്റിത്തിരിഞ്ഞിട്ട് തിരിച്ച് ബാലരാമപുരത്തേക്ക്.


അങ്ങനെ ഒരു യാത്രകൂടി ശുഭം.

1 comment: