Saturday, October 20, 2012


ആഗുമ്പേ യില്‍ നിന്നും ശ്രിംഗേരി യിലേക്ക് വഴി തിരിയുമ്പോള്‍ ശങ്കരാചാര്യര്‍ ആദ്യമായി സ്ഥാപിച്ച ശ്രീ ശാരദ മഠവും പിന്നെ വിദ്യാ ശങ്കര ക്ഷേത്രവും മാത്രമായിരുന്നു മനസ്സില്‍ , പക്ഷെ ഈ മണ്ണില്‍ കാലെടുത്തു വെച്ചപ്പോള്‍ തന്നെ പറയാനാവാത്ത ഒരു ഉന്‍മേഷം മനസ്സിലും ശരീരത്തിലും നിറയുന്നത് ഞാന്‍ അനുഭവിച്ചു. ഒക്ടോബര്‍ മാസം ആദ്യത്തിലെ തിങ്കളാഴ്ച രാത്രി ആയിരുന്നു അത്. മഠത്തിലെ ഗസ്റ്റ്‌ ഹൌസില്‍ മുറിയെടുത്തു കുളിച്ചു ഫ്രഷ്‌ ആയി പുറത്തേക്കിറങ്ങി. സാമാന്യം ചെറിയ ആ നിരത്തിലെ പല കടകളും വീടിനോട് ചേര്‍ന്ന് ഉള്ളവയായിരുന്നു. അവയുടെ മുന്നിലെ ബോര്‍ഡുകളില്‍ ആദ്യം കണ്ണുടക്കിയത് "ചക്ക പപ്പടം" ആണ്. ചക്ക ഉപയോഗിച്ച് പപ്പടം ഉണ്ടാക്കാം എന്നത് ഒരു പുതിയ അറിവായിരുന്നു. ആവശ്യത്തിനു ചക്ക പപ്പടം വാങ്ങിക്കൂട്ടിയാണ് തിരിച്ചു മുറിയിലേക്ക് മടങ്ങിയത്.





മൂകാംബികയില്‍ നിന്നും വ്യത്യസ്തമായി മലയാളം അറിയുന്നവര്‍ ശ്രിംഗേരിയില്‍ വിരളമാണ്. പക്ഷെ, മഠത്തിന്റെ സ്വാധീനം ഉള്ളത് കൊണ്ടാണോ എന്തോ ഇവിടുത്തെ പുതിയ തലമുറയുടെ ഇംഗ്ലീഷ് സാമാന്യത്തിനും മേലെ ആയതിനാല്‍ ഭാഷ അത്രയ്ക്ക് പ്രശ്നം ആയി അനുഭവപ്പെട്ടില്ല.

യാത്രകളില്‍ പലപ്പോഴും , പുലര്‍ച്ചെ, വഴികളും വീടുകളും ഉണരും മുന്‍പ്, പക്ഷികളും പ്രകൃതിയും ഉണരും മുന്‍പ്, ഒരു വഴി നടത്തം പതിവുള്ളതാണ്. ശ്രിംഗേരി യിലും ആ പതിവ് തെറ്റിച്ചില്ല, അതി രാവിലെ നാലരക്ക് തന്നെ ക്യാമറയും തൂക്കി മുറി വിട്ടിറങ്ങി.



അകലെ ഇരുട്ടിലേക്ക് നടന്നു മറയുന്ന ചില മനുഷ്യ രൂപങ്ങള്‍ .. വഴി വിളക്കിന്‍റെ അരണ്ട മഞ്ഞ വെളിച്ചത്തിന് കീഴെ അന്നത്തെ അന്നത്തിനു വക തേടുന്ന കാപ്പി കച്ചവടക്കാരന്‍ .. കടത്തിണ്ണകളില്‍ തണുപ്പിനോട് പൊരുതി ഉറക്കം നഷ്ട്ടപ്പെട്ട ചില ഭിക്ഷാം ദേഹികള്‍ .. പുലരിയില്‍ എനിക്ക് മുന്നില്‍ ശ്രിംഗേരി യുടെ മറ്റൊരു മുഖം.. ഒരു വണ്ടി വന്നു നിര്‍ത്തി അതില്‍ നിന്നും കലപില കൂട്ടി കുറച്ചുപേര്‍ നിരത്തിലെക്കിരങ്ങിയപ്പോള്‍ ഞാന്‍ മുറിയിലേക്ക് പിന്‍വലിഞ്ഞു.



കരിങ്കല്ലില്‍ തീര്‍ത്ത മനോഹരമായ ഒരു കവിത പോലെ യാണ് ശ്രീ വിദ്യാ ശങ്കര ക്ഷേത്രം. ദ്രാവിഡ- ചാലൂക്യ ശില്പ നിര്‍മാണ ശൈലികള്‍ ഒത്തുചേരുന്ന ഇതിന്റെ നിര്‍മ്മിതി ആരുടേയും മനം മയക്കുന്നതാണ്. ക്ഷേത്രത്തിനുള്ളിലെ പന്ത്രണ്ടു തൂണുകള്‍ പന്ത്രണ്ടു രാശികളെ സൂചിപ്പിക്കുന്നു.. ഓരോ രാശിയിലും ഓരോ തൂണുകളില്‍ സൂര്യ പ്രകാശം വീഴുന്ന രീതിയിലാണ് ഇതിന്റെ സ്ഥാനങ്ങള്‍ നിശ്ചയ്ചിരിക്കുന്നത്. തൊട്ടടുത്തുള്ള ശാരദാ ദേവി ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് ശ്രീ ശങ്കരാചാര്യരാനെന്നു വിശ്വസിക്കപ്പെടുന്നു. തുംഗ നദിക്കരയില്‍ വിശ്വാസികള്‍ മീനൂട്ട് നടത്തുന്നുണ്ടായിരുന്നു.. പ്രഭാതത്തില്‍ തുംഗ നദിക്കു കുറുകെ പണിത വിദ്യാ തീര്‍ഥ സേതു മഞ്ഞില്‍ ചെന്ന് അവസാനിക്കുന്നത് പോലെ തോന്നുന്നുണ്ടായിരുന്നു. വളരെ നേരം നദിക്കരയിലും ക്ഷേത്ര പരിസരത്തും ചിലവഴിച്ചു തിരിച്ചു നടന്നു.



കുറെ നേരം ചുറ്റുവട്ടത്തെ നിരത്തുകളിലൂടെ അലഞ്ഞ്, അവിടെ അടുത്ത് തന്നെ ഒരു കുന്നിനു മുകളില്‍ സ്ഥിതി ചെയ്യുന്ന ശ്രീ മാലഹാനികരേശ്വര ക്ഷേത്രത്തിലും കയറി തിരിച്ചിറങ്ങിയപ്പോള്‍ മടങ്ങാനുള്ള സമയം അടുത്തിരുന്നു. ശ്രിംഗേരി യില്‍ നിന്നും അടുത്ത ഒരു ഗ്രാമത്തിലേക്ക് പോകാന്‍ തുംഗ നദിക്കു കുറുകെ പണിത തൂക്കു പാലത്തിനു മുകളില്‍ കുറച്ചു നേരം ചിലവഴിച്ചു. പാലത്തിനു മുകളില്‍ നിന്നും നോക്കുമ്പോള്‍ ഈ കാല വര്‍ഷത്തിനപ്പുരവും വരണ്ടോഴുകുന്ന തുംഗ നദി മാത്രം ഒരു വേദനയായി അവശേഷിക്കുന്നു.





തിരിച്ചുള്ള യാത്രയില്‍ ഒരു ചോദ്യം മനസ്സിലെക്കെത്തി.. നിത്യ സഞ്ചാരിയായ, ഭിക്ഷാം ദേഹിയായ ശ്രീ ശങ്കരനെ നീണ്ട പന്ത്രണ്ടു വര്‍ഷക്കാലം ഈ മണ്ണില്‍ തന്നെ പിടിച്ചു നിര്‍ത്തിയ ആ അദൃശ്യ ശക്തി എന്തായിരിക്കാം.. ഒരു പക്ഷെ, ശതുക്കളെ പോലും സ്നേഹിക്കാന്‍ പഠിപ്പിക്കുന്ന ഈ മണ്ണിന്‍റെ ശക്തിയായിരിക്കാം.. അത് തന്നെയായിരിക്കാം വീണ്ടും ഇവിടേയ്ക്ക് വരണമെന്ന തോന്നലിലേക്ക് എന്‍റെ മനസ്സിനെ കൊണ്ടെതിക്കുന്നതും..... 

No comments:

Post a Comment