Thursday, January 13, 2011

യാത്ര പൊന്‍മുടിയിലേക്ക്...

09-01-2011


യാത്ര പൊന്‍മുടിയിലേക്ക്...




ഒരു മീറ്റിങ്ങിനു പോകാന്‍ ഇരുന്നതായിരുന്നു ഞാനും തിരുവനന്തപുരംകാരനായ എന്‍റെ സുഹൃത്തും. പക്ഷെ അപ്രതീക്ഷിതമായി മീറ്റിംഗ് മാറ്റിവെച്ചു. അപ്പോഴാണ്‌ മഴ കാരണം മാറ്റിവെച്ച ഒരു പൊന്‍മുടി ട്രിപ്പിന്റെ കാര്യം ഓര്‍മ്മ വന്നത്. മഴയൊക്കെ മാറിയല്ലോ, അപ്പൊ യാത്ര പൊന്‍മുടിയിലേക്കാകാം എന്ന് തീരുമാനിച്ചു.




എറണാകുളത്തു നിന്നും രാത്രി തിരിച്ച ഞങ്ങള്‍ പുലര്‍ച്ചെ നാലുമണിക്ക് മുന്‍പ് തിരുവന്തപുരം എത്തി. പല തവണ തിരുവനന്തപുരം പോയിട്ടുണ്ടെങ്കിലും ഞാന്‍ ഇതുവരെ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ പോയിട്ടില്ലായിരുന്നു. അതുകൊണ്ട് ആദ്യം ക്ഷേത്രക്കുളത്തില്‍ കുളിച്ചു പത്മനാഭസ്വാമിയെ തൊഴുതിറങ്ങി.  മകരവിളക്ക് അടുത്തതിനാല്‍ ക്ഷേത്രത്തില്‍ തമിഴ്നാട്ടില്‍ നിന്നുള്ള സ്വാമിമാരുടെ തിരക്ക്. മനോഹരമായ കൊത്തുപണികളൊക്കെയുള്ള ചുറ്റമ്പലമൊക്കെ കണ്ട് ക്ഷേത്രത്തിന് വലംവെച്ച് പുറത്തെത്തിയപ്പോള്‍ മണി 6 കഴിഞ്ഞിരുന്നു.


തിരുവനന്തപുരത്തുനിന്നും നേരെ ബാലരാമപുരത്തേക്കാണ് പോയത്, വയലുകളും വാഴത്തോട്ടങ്ങളുമൊക്കെയുള്ള ഒരു ചെറിയ ഗ്രാമം. അവിടെയാണ് കൂടെയുള്ള സുഹൃത്തിന്‍റെ വീട്. അവിടെച്ചെന്ന് ഭക്ഷണമൊക്കെ കഴിച്ച് കുറച്ച് നേരം വിശ്രമിച്ചു. 10 മണി കഴിഞ്ഞപ്പോള്‍ അവിടുന്ന് പൊന്‍മുടി കാണാന്‍ ഇറങ്ങി. ബാലരാമപുരത്തുനിന്നും 70 കിലോമീറ്ററില്‍ അധികം ഉണ്ട്. ബൈക്കിലാണ് യാത്ര.


12 മണി കഴിഞ്ഞപ്പോള്‍ പൊന്‍മുടിയുടെ തുടക്കത്തില്‍ എത്തി. കല്ലാറിന്‍റെ അധികം വെള്ളമില്ലാത്ത തുറസ്സായ സ്ഥലത്ത് ഞങ്ങള്‍ ഇറങ്ങിച്ചെന്നു. അവിടെ ഒരു പാറക്കുമുകളില്‍ കുപ്പിയും ഗ്ലാസുമൊക്കെ നിരത്തി ഒന്നു "മിനുങ്ങാനുള്ള" തയ്യാറെടുപ്പില്‍ രണ്ടുപേര്‍. അവിടെ ഊഞ്ഞാല്‍ പോലെ മുകളില്‍നിന്നും തൂങ്ങിക്കിടക്കുന്ന ഒരു കാട്ടുവള്ളിയില്‍ വലിഞ്ഞുകയറി കുറച്ച് അഭ്യാസങ്ങള്‍. പിന്നെ അവിടുന്ന് മുകളിലേക്ക്. ആകെ 22 ഹെയര്‍ പിന്‍ വളവുകള്‍. അതില്‍ ആദ്യത്തേത് എത്തി എന്നറിയിക്കുന്ന ബോര്‍ഡ്. പറയത്തക്ക തണുപ്പൊന്നും ഇല്ലായിരുന്നു.
കല്ലാര്‍ 

വള്ളിയില്‍ വലിഞ്ഞു കയറാനുള്ള ശ്രമത്തില്‍ 
വഴിയരികില്‍നിന്നൊരു കാഴ്ച്ച 
മുകളില്‍ ചെന്നപ്പോള്‍ നാലുവശവും പച്ചപുതച്ച മൊട്ടക്കുന്നുകള്‍. ഞങ്ങള്‍ ചെല്ലുമ്പോള്‍ നല്ല തെളിഞ്ഞ ആകാശം. പക്ഷെ ഇവിടെ ഈ തെളിഞ്ഞ ആകാശം മഞ്ഞുവന്നു മൂടുന്നത് നിമിഷങ്ങള്‍ക്കുള്ളിലായിരിക്കും. ഒരുപക്ഷെ അധികം ദൂരത്തല്ലാതെ നില്‍ക്കുന്നവരെ കാണാന്‍ പോലും കഴിയാത്ത വിധം മഞ്ഞുവന്നു മൂടി എന്നും വരാം. രണ്ടുമൂന്നു മൊട്ടക്കുന്നുകള്‍ക്കു മുകളില്‍ നടന്നുകയറി. പിന്നെ കുറച്ചുനേരം കാറ്റും കൊണ്ടിരുന്നു. എന്നിട്ട് തിരിച്ച് താഴേക്ക്.
പൊന്‍മുടി 
പൊന്‍മുടി
തിരിച്ചിറങ്ങുന്നവഴി കല്ലാറിന്‍റെ മറ്റൊരു ഭാഗത്ത് ഇറങ്ങി. താഴേക്കിറങ്ങാന്‍ പടവുകളൊക്കെ ഉള്ള ഒരു ഭാഗം. പാറയില്‍ നല്ല വഴുക്കല്‍ ഉണ്ടായിരുന്നു. ഞാനൊന്ന് കാല്‍തെന്നിവീണു. പ്രശ്നം ഒന്നും ഉണ്ടായില്ല. വീണത് വെള്ളത്തില്‍ അല്ലാതിരുന്നത് ഭാഗ്യം, അല്ലേല്‍ നനഞ്ഞ് ബാക്കി യാത്ര കുളമായേനെ. മഴസമയത്ത് കല്ലാര്‍ കൂടുതല്‍ അപകടകാരിയാണ്, പെട്ടെന്നായിരിക്കും ജലനിരപ്പുയരുന്നത്. മലമുകളില്‍ മഴപെയ്യുന്നത് താഴെ അറിയില്ല. അങ്ങനെ പല അപകടങ്ങളും ഉണ്ടായിട്ടുണ്ട്.


തിരിച്ച് നേരെ തിരുവനന്തപുരത്തിന്, അഞ്ച് മണിക്കുമുന്‍പ് എത്തി. സമയം ഇനിയും ബാക്കി. അതുകൊണ്ട് അവിടുന്ന് നേരെ കോവളം ബീച്ചിലേക്ക്, അവിടെയും ആദ്യമായിട്ടാണ്. നാട്ടുകാരും വിദേശികളുമായി ബീച്ചില്‍ നല്ലതിരക്കുണ്ടായിരുന്നു. ഷൂസ് ഊരാന്‍ മടിയായതുകൊണ്ട്‌ ഞങ്ങള്‍ കടലിലേക്ക്‌ ഇറങ്ങിയില്ല. ആറുമണിവരെ ബീച്ചില്‍ ചുറ്റിത്തിരിഞ്ഞിട്ട് തിരിച്ച് ബാലരാമപുരത്തേക്ക്.


അങ്ങനെ ഒരു യാത്രകൂടി ശുഭം.

Thursday, January 6, 2011

24-12-010


യാത്ര രാമക്കല്‍ മേട്ടിലേക്ക്.... 


കുറെ നാളുകള്‍ക്കു ശേഷമാണ് അനീഷിനെ കാണാന്‍ പോകുന്നത്... അവന്‍റെ ജോലി സ്ഥലത്ത്  ചെന്നപ്പോള്‍ അവന്‍ നല്ല കൃഷിപ്പണിയില്‍. റൂമിന് ചുറ്റുമുള്ള കാടും പടലവുമൊക്കെ വെട്ടിത്തളിച്ച് കപ്പയും വാഴയുമൊക്കെ നട്ടിരിക്കുന്നു. അവിടെ പറമ്പിലെ വാഴക്കുല വെട്ടാന്‍ ഞാനും കൂടി. വീട്ടിലേക്കു കൊണ്ടുപോകാന്‍ വാഴപ്പിണ്ടി എടുത്തുകൊണ്ടിരിക്കുമ്പോഴാണ് അനീഷിന്‍റെ ചോദ്യം... 
"നിനക്ക് 24 ആം തീയതി എന്തെങ്കിലും പ്രോഗ്രാം ഉണ്ടോ?" 
"ഡ്യൂട്ടി ഉണ്ട്... എന്താ ?" 
"അന്ന് രാത്രി നമ്മള്‍ക്ക് ഒരിടം വരെ പോയാലോ ?" 
"പോകാം... എങ്ങോട്ടാ?" 
(ഞങ്ങള്‍ തമ്മില്‍ ഇങ്ങനെയാണ്... എങ്ങോട്ടെങ്കിലും പോകാന്‍ വരുന്നോ എന്ന് ചോദിച്ചാല്‍ ആദ്യം പോകാം എന്ന് പറയും, പിന്നീടെ എവിടെ എന്നൊരു ചോദ്യം ഉള്ളു) 
"നമ്മള്‍ക്ക് രാമക്കല്‍ മേട്ടിലേക്ക് പോകാം..." 
"ശരി"

24 ആം തീയതി ഉച്ച വരെ ബസ്സില്‍ പോകാം എന്നാ തീരുമാനത്തിലായിരുന്നു, പക്ഷെ അന്നുച്ചയ്ക്ക്, നമുക്ക് ബൈക്കില്‍ പോകാം എന്ന് പറഞ്ഞു അനീഷിന്‍റെ കാള്‍ വന്നു. ശരി എന്ന് ഞാനും പറഞ്ഞു.


നേരത്തെ ഇറങ്ങിയിട്ടുകൂടി വീട്ടില്‍ എത്തിയപ്പോള്‍ മണി ഏഴു കഴിഞ്ഞു. ഏഴര ആയപ്പോള്‍ ബൈക്കുമായി അവന്‍ വീട്ടിലെത്തി. രാത്രി ആണ്, വീട്ടില്‍ നിന്നും 200 കിലോമീറ്റര്‍ അകലെ ആണ്, പിന്നെ വഴി പോലും കൃത്യമായി അറിയില്ല ‍, ഹൈ റേഞ്ചിലേക്ക് ഈ തണുത്ത ഡിസംബറില്‍ ഇങ്ങനെ ബൈക്കില്‍ പോകുന്നതിലെ റിസ്ക്‌ അറിയാവുന്നതുകൊണ്ട്‌ എങ്ങോട്ടാ പോകുന്നതെന്ന് അമ്മയോട് പറഞ്ഞില്ല.


ആദ്യം എനിക്ക് പ്രിയപ്പെട്ട എ.സീ റോഡ്‌ വഴി ചങ്ങനാശ്ശേരിക്ക്,പിന്നെ അവിടുന്ന് കറുകച്ചാല്‍ വഴി കട്ടപ്പനയ്ക്ക്, അങ്ങനെയാണ് യാത്ര തീരുമാനിച്ചത്.  


പോകുന്ന വഴിയിലെ വീടുകള്‍ നക്ഷത്രങ്ങളും വര്‍ണ്ണ വെളിച്ചങ്ങളും കൊണ്ട് അലങ്കരിചിരിക്കുന്നത്‌ ആസ്വദിച്ചാണ് യാത്ര. ക്രിസ്തുമസ്  രാത്രി ആയതിനാല്‍ റോഡില്‍ ജന സഞ്ചാരം ആവശ്യത്തിനുണ്ട്, അത് കൊണ്ട് വഴി ചോദിച്ചു പോകുന്നത് എളുപ്പമായി.


ഇവിടെ ആലപ്പുഴയില്‍ ഒരു വീട്ടിലും ക്രിസ്മസിന് പടക്കം പൊട്ടിക്കുന്ന പതിവില്ല. പക്ഷെ ചങ്ങനാശ്ശേരിക്ക്  കിഴക്കോട്ടു പോകുന്തോറും സ്ഥിതി വേറെയാണ്.മിക്ക വീടുകള്‍ക്ക് മുപിലും കുട്ടികള്‍ പടക്കം പൊട്ടിച്ചു ക്രിസ്മസ് ആഘോഷിക്കുന്നു. ഓര്‍ക്കാപുറത്ത് ചില പടക്കങ്ങള്‍ റോഡിനു നടുക്ക് വീണു പൊട്ടുന്നു. ഇടയ്ക്കു കുറെ കുട്ടികള്‍ റോഡ്‌ സൈഡില്‍ ഇട്ടു പൊട്ടിച്ച മാലപ്പടക്കങ്ങളില്‍ ഒന്ന്  ഞങ്ങളെ തൊട്ടു തൊട്ടില്ല എന്നമട്ടില്‍ കടന്നുപോയി.


ദൂരം കൂടുന്തോറും വഴിയരികിലെ വീടുകള്‍ വലിയ മരങ്ങള്‍ക്ക് വഴിമാറാന്‍ തുടങ്ങി. അതിനോടൊപ്പം തണുപ്പ് കൂടിക്കൂടി വരാനും തുടങ്ങി. ഇടക്കൊരു ചെക്ക്‌ പോസ്റ്റ്‌  വന്നപ്പോള്‍ അവിടുത്തെ പോലീസുകാരനോട്‌ ചോദിച്ചു കട്ടപ്പനക്കുള്ള വഴി ഒന്നുകൂടി ഉറപ്പിച്ചു.


ബൈക്ക് ഏലപ്പാറ കയറ്റം കയറാന്‍ തുടങ്ങിയപ്പോള്‍ തണുപ്പ് അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തി. ഷൂസിനുള്ളിലെ കാലുപോലും മരവിച്ചു തുടങ്ങി. മൂന്നാര്‍ കഴിഞ്ഞാല്‍ പിന്നെ കേരളത്തിലെ ഏറ്റവും ഉയരത്തിലുള്ള സ്ഥലമാണ് ഏലപ്പാറ( ? ). തേയില തോട്ടങ്ങള്‍ക്ക് നടുവിലൂടെ യാത്ര പുരോഗമിച്ചുകൊണ്ടിരുന്നു. രാത്രി ആയതിനാല്‍ പല നല്ല കാഴ്ചകളും നഷ്ട്ടമായി. കട്ടപ്പന എത്തിയപ്പോള്‍ മണി 12 കഴിഞ്ഞു. ഒരു കാപ്പി കുടിക്കാനും പിന്നെ ഒന്ന് നടുവ് നിവര്‍ക്കാനുമോക്കെയായി ഒരു തട്ടുകടക്ക് മുന്‍പില്‍ നിര്‍ത്തി. ഇതിനു മുന്‍പും ഇടയ്ക്കിടയ്ക്ക് ഇങ്ങനെ തട്ടുകടയിലോക്കെ കേറി കാപ്പികുടിച്ചാണ് യാത്ര തുടരുന്നത്.


കട്ടപ്പനയ്ക്ക് 20 കിലോമീറ്റര്‍ മാറി തൂക്കുപാലം എന്ന സ്ഥലമാണ് ആദ്യ ലക്‌ഷ്യം. അവിടുള്ള സുഹൃത്ത്‌ ജയന്‍ ചേട്ടന്റെ വീട്ടിലാണ് രാത്രി തങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്. തൂക്കുപാലം എത്തിയപ്പോള്‍ രാത്രി ഒരുമണി കഴിഞ്ഞു. വിളിച്ചപ്പോള്‍ ജയന്‍ ചേട്ടന്‍ പള്ളിയില്‍ ആണ്. ഞങ്ങള്‍ നേരെ പള്ളിയിലേക്ക് പോയി. അവിടെ പ്രാര്‍ത്ഥനയൊക്കെ കേട്ട് അങ്ങനിരുന്നു, പള്ളിക്ക് മുന്‍പില്‍ ചൂട് കായാന്‍ വിറകു കത്തിച്ചിട്ടുണ്ടായിരുന്നു അതിന്റെ ചുവട്ടില്‍ തന്നെ ഞങ്ങളും ഇരുന്നു. അതെല്ലാം കഴിഞ്ഞു വീട്ടില്‍ എത്തിയപ്പോള്‍ മണി 2 കഴിഞ്ഞു . ഒരല്‍പം ചോറും കഴിച്ചു കിടന്നു. നല്ല തണുപ്പ്. പുതപ്പിനുള്ളില്‍ ചുരുണ്ടുകൂടി ഒരു നല്ല ഉറക്കം.


രാവിലെ എഴുന്നേറ്റു ബ്രേക്ക്‌ ഫാസ്റ്റ് ഒക്കെ കഴിഞ്ഞു രണ്ടു ബൈക്കിലായി ഞങ്ങള്‍ മൂന്നുപേര്‍ രാമക്കല്‍ മേട്ടിലെക്ക് തിരിച്ചു. തൂക്കുപാലത്ത് നിന്നും 6 കിലോമീറ്റര്‍ മാറിയാണ് രാമക്കല്‍ മേട്.  ഇവിടെ വരുന്നത് വരെ രാമക്കല്‍ മേട്ടിനെ കുറിച്ച്  എനിക്ക് കാര്യമായിട്ട് ഒന്നും അറിയില്ലായിരുന്നു. ആകെ അറിയാവുന്നത് കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാറ്റ് വീശുന്ന സ്ഥലം എന്ന് മാത്രം.  മണിക്കൂറില്‍ 25 കിലോമീറ്ററില്‍ അധികം വേഗത്തില്‍ ആണ് ഇവിടെ കാറ്റ് വീശുന്നത്. അതുകൊണ്ടാണ് കേരളത്തിലെ ആദ്യത്തെ വിന്‍ഡ് എനര്‍ജി പ്രൊജക്റ്റ്‌ രാമക്കല്‍ മേട്ടില്‍ ആരംഭിച്ചത്.
രാമക്കല്‍ മേട്ടിലെ കുന്നിന്‍ മുകളില്‍ നിന്നുള്ള ഒരു കാഴ്ച
കാറ്റിന്റെ തോട്ടിലിലേക്ക് സ്വാഗതം ചെയ്തു കൊണ്ട് ഒരു വലിയ ബോര്‍ഡ്‌ ആണ്   രാമക്കല്‍ മേട്ടില്‍ ആദ്യം കാണുന്നത്. അവിടുന്ന്  കുറവന്റെയും കുറത്തിയുടെയും വലിയ ശില്‍പ്പം പണിതു വെച്ചിരിക്കുന്ന കുന്നിലേക്ക് ആണ് ആദ്യം പോയത്. അവിടെ വ്യൂ  പോയിന്റില്‍ നിന്നും താഴേക്കു നോക്കിയാല്‍ കാണുന്നത് അങ്ങകലെ തമിഴ് നാടാണ്. തേനി കമ്പം മുതലായ ചെറിയ പട്ടണങ്ങളും, അളന്നു ചതുരങ്ങളായ് തിരിച്ച പാട ശേഖരങ്ങളും കാണാം. അവിടെ കുറവനെയും കുറത്തിയെയും കുട്ടികളെയും ഒക്കെ കണ്ടു കുറെ നേരം കാറ്റും കൊണ്ടിരുന്നു.
കുറവനും കുടുംബവും
ഈ കുന്നില്‍ നിന്നും നോക്കിയാല്‍ അകലെ മറ്റൊരു മല കാണാം, അവിടെയാണ്  രാവണന്‍ തട്ടിക്കൊണ്ടുപോയ സീതാദേവിയെ അന്വേഷിച്ചു വന്ന രാമന്‍ ഇരുന്നു എന്ന്  വിശ്വസിക്കുന്ന രാമക്കല്ല്. അതില്‍ നിന്നാണ് രാമക്കല്‍ മേട് എന്ന പേര് വന്നത്. ഈ കുന്നില്‍ നിന്നും ഇറങ്ങി  ഇനി പോകേണ്ടത് ആ മലയിലേക്ക് ആണ്.


ബൈക്ക് താഴെ ഒരു കടയുടെ അടുത്ത് പാര്‍ക്ക് ചെയ്തു ഞങ്ങള്‍ മല കയറ്റം തുടങ്ങി. ഇടയ്ക്കു ക്ഷീണം തീര്‍ക്കാന്‍  ഒരുകുപ്പി വെള്ളവും കുറച്ചു മിച്ചരുമൊക്കെ കയ്യില്‍ കരുതി. രാമകല്ലിന്റെ എതിര്‍ ദിശയില്‍ നിന്നുള്ള ഒരു നല്ല കാഴ്ചക്ക് വേണ്ടിയും, അതിന്റെ ഫോട്ടോ എടുകാനും വേണ്ടി ജയന്‍ ചേട്ടന്‍ ഞങ്ങളെ അതിനടുത്തുള്ള വേറെ ഒരു പാറയിലേക്ക് ആണ്  ആദ്യം കൊണ്ടുപോയത് . ആ പാറ യുടെ ഒരു വിടവിലേക്ക് പാറയില്‍ അള്ളിപ്പിടിച്ചു ജയന്‍ ചേട്ടന്‍ ആദ്യം പോയി പുറകെ ഞങ്ങളും. ഈ പോക്കില്‍ ഒന്ന് ബാലന്‍സ് തെറ്റിയാലോ കാലൊന്നു തെന്നിയാലോ താഴെ തമിഴ്നാട്ടില്‍ നിന്നും ബാക്കി ശരീരം പെറുക്കാം. പേടിച്ചു വിറച്ചാണ് എന്റെ നടപ്പ്. അവസാനം പാറയുടെ വിടവില്‍ എത്തി. ഒരാള്‍ക്ക്‌ ഇരിക്കാനുള്ള പൊക്കം മാത്രമുള്ള ഒരു വിടവ്. അവിടെ ഇരുന്നാല്‍ കാറ്റ് ശക്തിയായി വീഷിക്കൊടിരിക്കുന്നത് അനുഭവിക്കാം. കുറച്ചുനേരം അവിടെ കിടന്നു. താഴേക്ക്‌ നോക്കിയാല്‍ പേടിയാകും. രാമക്കല്ല് ഇപ്പോള്‍ വളരെ നന്നായി കാണാം. താഴെയുള്ള സമതലം കടല്‍ വറ്റി ഉണ്ടായതാണെന്ന് രാമക്കല്ലിലെ പാടുകളും വിടവുകളും കാണിച്ചു ജയന്‍ ചേട്ടന്‍ പറഞ്ഞു. ഇവിടെ നിന്നും നോക്കിയാല്‍ രാമക്കല്ലും പിന്നെ ഞങ്ങള്‍ ഇരിക്കുന്ന പാറയുമൊക്കെ സൂയിസൈഡ് പോയിന്റുപോലെ തോന്നും.  മറ്റുള്ള സ്ഥലങ്ങളിലെപ്പോലെ വേലി കെട്ടി തിരിച്ചിട്ടു പോലുമില്ല. പ്രേമ നൈരാശ്യം മൂലം രാമക്കള്ളില്‍ നിന്നും ചാടി ജീവനൊടുക്കിയ ഒരു ചെറുപ്പക്കാരന്റെ കഥ നാട്ടുകാരനായ ജയന്‍ ചേട്ടന്‍ പറഞ്ഞു.
അനീഷും ജയന്‍ ചേട്ടനും പാറയുടെ വിടവില്‍ 
രാമക്കല്ല്
ഇനി രാമക്കല്ലിന്റെ മുകളിലേക്ക്. അവിടെ ഇരുന്നാണ് സീതയെ തേടിയെത്തിയ രാമന്‍ ചുറ്റ്പാടും വീക്ഷിച്ചത്‌ എന്നാണു വിശ്വാസം. അതാണ്‌ രാമക്കല്‍ മേട്ടിലെ ഏറ്റവും ഉയരത്തിലുള്ള സ്ഥലം. പരയുടെ മുകളിലേക്ക് നല്ല കയറ്റം ഉണ്ട്, പിന്നെ അവിടുന്ന് അള്ളിപ്പിടിച്ചു ഏറ്റവും മുകളില്‍ എത്തി. താഴെ അങ്ങ് ദൂരെ തമിഴ് നാട്, ഇപ്പോള്‍ നല്ല വ്യക്തമായി കാണാം. നിന്നുകൊണ്ട് താഴേക്കു നോക്കിയാല്‍ ശരിക്കും പേടിയാകും. ഏറ്റവും മുകളില്‍ ഒരു ചെറിയ ഇരുമ്പ് പൈപ്പ് കോണ്‍ക്രീറ്റ്  ഇട്ടു ഉറപ്പിച്ചു നിര്‍ത്തിയിരിക്കുന്നു,  എന്തിനാണെന്നോ? കാറ്റിന്റെ  ശക്തി കൂടിയാല്‍ ചിലപ്പോള്‍ ആള്‍ക്കാര്‍ക്ക് ബാലന്‍സ് കിട്ടില്ല, അപ്പോള്‍ പിടിച്ചു നില്‍ക്കാനാണ്  ഈ പൈപ്പ്. കുറെ നേരം പാറയുടെ മുകളില്‍ കാറ്റും കൊണ്ട് അങ്ങനെ ഇരുന്നു. പിന്നെ താഴേക്ക്  തിരിച്ചു. കുറെ നല്ല കാഴ്ചകള്‍ക്ക് അങ്ങനെ വിട.
രാമന്‍ ഇരുന്ന പാറക്കു മുകളില്‍ ഞാനും
രാമക്കല്‍ മേട്ടില്‍ നിന്നും തിരിച്ചു വരുന്ന വഴിയില്‍ നിന്നും അല്‍പ്പം ഉള്ളിലേക്ക് മാറിയാണ്  കാറ്റാടി യന്ത്രങ്ങള്‍ ഉള്ളത്, ബാലന്‍ പിള്ള ടൌണില്‍ നിന്നും അല്‍പ്പം അകലെ, ടൌണ്‍ എന്നാല്‍ നാലും മൂന്നും ഏഴു കടകള്‍ മാത്രമുള്ള ഒരു ടൌണ്‍!!! ( എല്‍സമ്മ എന്ന ആണ്‍കുട്ടി കണ്ടവരാരും ഈ ബാലന്‍ പിള്ള ടൌണ്‍ മറന്നു കാണില്ല). കാറ്റാടി യന്ത്രം അടുത്തുനിന്നും കാണുന്നത് ആദ്യമായാണ്‌. കുറെ നേരം അതിന്റെ ചുവട്ടില്‍ നിന്നു. പിന്നെ തിരിച്ച് ജയന്‍ ചേട്ടന്റെ  വീട്ടിലേക്ക്.


അവിടുന്ന് ഉച്ച ഭക്ഷണം കഴിഞ്ഞു തിരിച്ചുപോകാന്‍ യാത്ര പറഞ്ഞിറങ്ങി. പോകും വഴി ഒരു തോന്നല്‍ കട്ടപ്പന ചെന്നിട്ടു നേരെ ഇടുക്കി ഡാമിലേക്ക്  വിട്ടാലോ  എന്ന്... ഇതുവരെ പോയിട്ടില്ല, അതുകൊണ്ട് നേരെ ഇടുക്കി ഡാമിലേക്ക് തിരിച്ചു. കട്ടപ്പനയില്‍ നിന്നും 20 കിലോമീറ്റര്‍. മുക്കാല്‍ മണിക്കൂര്‍ കൊണ്ട് ചെറുതോണി എത്തി. അവിടുന്ന് പാസ്‌ ഒക്കെ എടുത്ത് ഇടുക്കി ഡാമിന്റെ അടിവാരം കണ്ടു, പിന്നെ മുകളിലേക്ക് ഡാം കാണാന്‍. ആദ്യം ചെറുതോണി ഡാം പിന്നെ ഇടുക്കി വലിയ ഡാം. ഡാമിന്റെ മുകളില്‍ നിന്നും നോക്കുമ്പോഴുള്ള ജലാശയത്തിന്റെ ഭംഗി പറഞ്ഞറിയിക്കാന്‍ ആവാത്തതാണ്. ക്യാമറയും മോബൈലുമോന്നും കയറ്റാന്‍ സമ്മതിക്കാത്തത് കൊണ്ട് ഫോട്ടോ എടുക്കാന്‍ മാത്രം പറ്റിയില്ല. നേരം വൈകിയതു കൊണ്ട് എളുപ്പത്തില്‍ ഡാം ഒക്കെ കണ്ടു തിരിച്ചു പോകാന്‍ തീരുമാനിച്ചു. അപ്പോള്‍ തന്നെ മണി 5 കഴിഞ്ഞിരുന്നു.
ഇടുക്കി ഡാമിന്റെ അടിവാരം
തിരിച്ചു വരുന്ന വഴി കുളമാവ് ഡാമില്‍ കുറച്ചുനേരം നിന്നു. ഫോട്ടോ എടുക്കാന്‍ ഫോണ്‍ എടുത്തതും സെക്യുരിറ്റി തടഞ്ഞു. അവിടുന്ന് തൊടുപുഴ പാല കോട്ടയം വഴി തിരിച്ചു വീട്ടിലേക്ക്. അങ്ങനെ ഒരു നല്ല യാത്ര കൂടി കഴിഞ്ഞു. കുറെ നല്ല നിമിഷങ്ങള്‍ ഓര്‍മ്മയിലേക്ക്.


 route: ആലപ്പുഴ- ചങ്ങനാശ്ശേരി- കറുകച്ചാല്‍- ഏലപ്പാറ- കട്ടപ്പന- തൂക്കുപാലം- രാമക്കല്‍ മേട്- കട്ടപ്പന- ചെറുതോണി- ഇടുക്കി- കുളമാവ്- തൊടുപുഴ- പാല- കോട്ടയം- ചങ്ങനാശ്ശേരി- ആലപ്പുഴ